ഒരു പാവം പുണ്യാളന്റെ ആധി

മുന്നറിയിപ്പ്
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും പുലർത്തുന്നില്ല എന്നാണ് എന്റെ അവകാശവാദമെങ്കിലും, അതൊന്നും അങ്ങനെ സമ്മതിച്ചുതരാൻ പറ്റുന്ന കാര്യമല്ലെന്ന് പറയുന്നവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ…
“കഥയെ വെറും കഥയായി മാത്രം കാണൂ…”
കലൂർ പള്ളിയിൽ സായാഹ്ന കുർബാന നടക്കുകയാണ്. അച്ചന്റെ തീപ്പൊരി പ്രസംഗത്തിന് സാക്ഷികളായി ഒട്ടനവധി വിശ്വാസികൾ കണ്ണും കാതും തുറന്നുപിടിച്ചിരിപ്പുണ്ട്… അതിനിടയിലും വായ് പൊളിച്ച് കൂർക്കം വലിച്ചുറങ്ങുന്ന അപ്പാപ്പന്മാർ… സാരിത്തുമ്പിനാൽ തലമൂടി കണ്ണുകൾ തുറന്നുപിടിച്ച് ഉറങ്ങുന്ന അമ്മച്ചിമാർ… ശബ്ദമുണ്ടാക്കാതെ ഒളിച്ചും പാത്തുമിരുന്ന് ഫോണിൽ ‘മിനി മിലീഷ്യ’ കളിക്കുന്ന കുട്ടികൾ… പുറത്തു പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ കണക്കെടുക്കുന്ന ന്യൂജെൻ പിള്ളേർ… അതിനിടയിലും സ്ത്രീകളുടെ നിരയിലെ തരുണീമണികളായ പെമ്പിള്ളേരെ ഒളികണ്ണിടുന്ന ഫ്രീക്കന്മാർ… അവരുടെ നിശ്ശബ്ദപ്രണയത്തിന് പശ്ചാത്തലസംഗീതമെന്നപോലെ ഗാനമാലപിക്കുന്ന പള്ളിക്കോയറിലെ ചേട്ടന്മാരും ചേച്ചിമാരും…
അങ്ങനെ എല്ലാംകൊണ്ടും ആ പള്ളി സന്തോഷമയമാണ്. അവരവരുടെ ജോലികളിൽ അവരും. പക്ഷേ, ഒരാൾ മാത്രം അത്ര സന്തോഷത്തിലല്ല… ആരാണെന്നോ? സാക്ഷാൽ അന്തോണീസ് പുണ്യാളൻ തന്നെ.
“എന്താണിവിടെ നടക്കുന്നത്? കുർബാന തീരാറാകുമ്പോഴാണല്ലോ പകുതിപ്പേരും വരുന്നത്… ഈ സമൂഹത്തിന് ദിവസംപ്രതി വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ, കർത്താവേ? എന്തായാലും ഇന്ന് ഇതിന്റെ കാരണം കണ്ടുപിടിക്കണം.”
ചില്ലുകൂട്ടിലിരുന്ന് അന്തോണീസ് പുണ്യാളൻ തന്റെ വിഷമം സ്വയം പറഞ്ഞ് ആത്മനിർവൃതിയടഞ്ഞു.
കുർബാന തീർന്നു. ആളുകൾ ഓരോന്നായി പള്ളിയൊഴിഞ്ഞുതുടങ്ങി. വിശ്വാസികളിൽ പലരും അന്തോണീസ് പുണ്യാളന്റെ മുമ്പിൽ അവരുടെ വിഷമങ്ങളും സങ്കടങ്ങളും കാഴ്ചവയ്ക്കാൻ തുടങ്ങി… മിന്നിമിന്നിത്തെളിയുന്ന വർണ്ണശബളമായ വെളിച്ചത്തിനുപുറമേ കുറേപ്പേർ തിരി കത്തിച്ചും പുണ്യാളന്റെ സായാഹ്നവേളകൾക്ക് നിറമേകി… വികാരിയച്ചൻ റൂമിൽ കയറി കതകടച്ചു. കപ്യാർ പള്ളിമേടയിലേക്ക് പോയി. വിരലിൽ എണ്ണാവുന്ന വിശ്വാസികൾ മാത്രമേ ഇപ്പോൾ പള്ളിയിലുള്ളൂ. ബാക്കിയുള്ളവർ അവരവരുടെ വീടുകളിലേക്ക് മടങ്ങി.
“ഇതുതന്നെ തക്കം!”
കയ്യിലിരിക്കുന്ന ഉണ്ണീശോയെ താഴെ മെല്ലെ കിടത്തി അന്തോണീസ് പുണ്യാളൻ ശബ്ദമുണ്ടാക്കാതെ ചില്ലുകൂട്ടിൽനിന്ന് പുറത്തേക്കിറങ്ങി.
“ഹാവൂ… ഇല്ല, ആരും കണ്ടിട്ടില്ല… അങ്ങനെ വർഷങ്ങളായുള്ള ഇതിനകത്തുനിന്ന് പുറത്തുചാടണമെന്ന എന്റെ ആഗ്രഹം സഫലമായി.”
പുണ്യാളൻ പതിയെ പുറത്തേക്കു നടന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. റോഡിൽ നല്ല തിരക്കാണ്. തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കടന്നുപോയ സിറ്റി ബസിന്റെ ചറപറാന്നുള്ള പോക്ക് പുണ്യാളന് കുറച്ചുനേരത്തേക്ക് സ്വർഗം കാണിച്ചുകൊടുത്തു.
“എങ്ങനെ പോകും?”
ചിന്താക്കുഴപ്പത്തിലാണ്ട് നിൽക്കുകയാണ് പുണ്യാളൻ. അപ്പോഴാണ് തൊട്ടപ്പുറത്ത് ഒരുത്തൻ ഫോണിൽ കുത്തി ഒരു കാർ വിളിക്കുന്നത് പുണ്യാളൻ കണ്ടത്. ചോദിച്ചപ്പോൾ ‘ഊബർ’ എന്ന പുതിയ പരിപാടിയാണെന്ന് അറിയാൻ കഴിഞ്ഞു. ഫോണിലൂടെ ടാക്സി കാർ വിളിക്കുന്ന പുതിയതരം ഏർപ്പാട്.
“എന്തുണ്ടായിട്ടെന്താ… കൊടുക്കാൻ കാശ് വേണ്ടേ? ഇരുപത്തിനാല് മണിക്കൂറും ചില്ലുകൂട്ടിലിരിക്കുന്ന എനിക്ക് എവിടുന്നാ കാശ്? ഇനി വിശ്വാസികൾ നേർച്ചയിട്ട കാശ് എടുക്കണമെങ്കിൽത്തന്നെ അച്ചന്റെ സമ്മതം വേണമല്ലോ.”
പുണ്യാളൻ വീണ്ടും ചിന്താക്കുഴപ്പത്തിലാണ്ടു.
അപ്പോഴാണ് തൊട്ടപ്പുറത്ത് ഒരു പഴഞ്ചൻ സൈക്കിൾ ചാരിവെച്ചിരിക്കുന്നത് പുണ്യാളൻ കണ്ടത്. പിന്നെയൊന്നും നോക്കിയില്ല. സൈക്കിളുമെടുത്ത് പുണ്യാളൻ യാത്ര തിരിച്ചു. വഴിയിലൂടെ സൈക്കിൾ ഓടിക്കുന്ന പുണ്യാളനെ കണ്ട് ആളുകൾ ചിരിക്കാൻ തുടങ്ങി.
“എന്തിനാ മോൻ ചിരിക്കുന്നേ?”
വഴിയരികിൽ ചിരിച്ചുകൊണ്ട് നിന്ന ചെക്കനെ കണ്ട് സൈക്കിൾ നിർത്തി പുണ്യാളൻ ചോദിച്ചു.
“ബ്രോ, ഏത് ട്രൂപ്പിലെയാ?”
ചെക്കൻ വീണ്ടും ചിരി തുടങ്ങി.
“ട്രൂപ്പോ? അതെന്തുവാ?”
പുണ്യാളൻ സംശയനിവാരണം നടത്തി.
“അല്ല… നാടകം കഴിഞ്ഞിറങ്ങിവന്നപോലത്തെ കോലം കണ്ടിട്ട് ചോദിച്ചതാ…”
ചെക്കൻ ചിരി തുടർന്നു.
“ഡാ മോനേ… ഞാൻ നാടകക്കാരനല്ലടാ… പുണ്യാളനാടാ… സത്യം.”
പുണ്യാളൻ ആണയിട്ടു പറഞ്ഞു.
“ഒന്ന് പോ ബ്രോ… നമ്മളെ മണ്ടന്മാരാക്കല്ലേ… പുണ്യാളൻ പോലും! വേറാരോടും പോയി പറയല്ലേട്ടാ… കട്ട സീനാകും… ബ്രോ, സ്കൂട്ടായിക്കോ.”
ചെക്കൻ പറഞ്ഞു നിർത്തി.
“ഹാ… എന്ത് ചെയ്യാനാ… പുണ്യാളന് പോലും വിലയില്ല…”
പുണ്യാളൻ ആത്മഗതം പറഞ്ഞ് സൈക്കിൾ ചവിട്ടി മുന്നോട്ടെടുത്തു.
രണ്ട് മീറ്റർ മുന്നോട്ടുചെന്നപ്പോൾ പുണ്യാളൻ സഡൻ ബ്രേക്കിട്ടു. തിരക്ക്! ഒരു സൂചി പോലും കുത്താനിടയില്ലാത്തത്ര തിരക്ക്. ഒരു ബൈക്കിന് പോകാനുള്ള സ്ഥലത്ത് രണ്ട് ബസുകൾ കുത്തിക്കയറ്റിയിട്ടിരിക്കുന്നു. പോരാത്തതിന് പുറകിൽനിന്ന് ചെവി പൊട്ടിപ്പൊളിക്കുന്നതുപോലെയുള്ള വാഹനങ്ങളുടെ ഹോണടി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഗതാഗതക്കുരുക്ക്. ഒത്ത നടുക്ക് പണിതീരാതെ നിൽക്കുന്ന മെട്രോ തൂണുകൾ. എല്ലാത്തിനും ഒരലങ്കാരമെന്നോണം നല്ല കനത്ത മഴയും.
എല്ലാം കണ്ട് വായും പൊളിച്ച് നിൽക്കുകയാണ് പുണ്യാളൻ. കിലോമീറ്ററുകൾക്കിപ്പുറത്തുനിന്നാൽ കാണാം മുന്നോട്ടു നീണ്ടുകിടക്കുന്ന തിരക്കും കുരുക്കും. മിനിറ്റുകൾ കഴിയുമ്പോൾ വണ്ടി ഒന്നോ രണ്ടോ ഇഞ്ച് മുന്നോട്ടുപോയാലായി. എന്നാലും ചില ബസുകൾ അനങ്ങുന്നില്ല. ഒരഞ്ചു മിനിറ്റ് കാത്തിരുന്നാൽ മുന്നോട്ടു കുതിക്കാൻ ഒരു മീറ്ററോളം സ്ഥലം കിട്ടുമെന്നതുതന്നെ കാരണം.
അങ്ങനെ മുന്നോട്ടു കുതിക്കുന്നതിനിടയിൽ മുന്നിൽ നിർത്തിയിട്ടിരുന്ന ബസുമായി പുറകിൽനിന്നുവന്ന ബസ് കൂട്ടിയിടിച്ചു. മുന്നിലത്തെ ബസിലെ യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും ഇറങ്ങി പിന്നിലത്തെ ബസിലെ ജീവനക്കാരുമായും യാത്രക്കാരുമായും വാക്കേറ്റമായി.
“കൂനിന്മേൽ കുരുവെന്നപോലെയായല്ലോ കാര്യങ്ങൾ. ഇനിയിപ്പോൾ സിഗ്നൽ മാറിയാലും വണ്ടികൾ അനങ്ങത്തില്ല.”
വാക്കേറ്റത്തിനിടയിൽ പുണ്യാളൻ മനസ്സിൽ പറഞ്ഞു.
പിന്നിൽ കിടക്കുന്ന വണ്ടികളിൽ നിന്നെല്ലാം ആയിരക്കണക്കിന് പുതിയ പുതിയ തെറികളാണ് ഓരോ നിമിഷവും ജനിക്കുന്നത്. ഇതിൽ പകുതിയും തന്റെ അടുത്തേക്ക് വരുന്നവരുടേതാണെന്നതാണ് സത്യം.
“കഷ്ടം!”
സ്വയം അല്ലാതെ ആരോട് പറയാൻ?
സിഗ്നൽ മാറി. വണ്ടികൾ ഓരോന്നായി മുന്നോട്ടുപോകാൻ തുടങ്ങി. പലപല കാഴ്ചകളൊക്കെ കണ്ട് ആഞ്ഞുചവിട്ടിപ്പോവുകയാണ് നമ്മുടെ പുണ്യാളൻ.
പെട്ടെന്നെന്തോ കണ്ട് പുണ്യാളൻ സൈക്കിൾ നിർത്തി. വലിയൊരു കാഴ്ചബംഗ്ലാവുപോലത്തെ കൂറ്റൻ കെട്ടിടം… അങ്ങോട്ടടുക്കാൻ പോലും പറ്റാത്തത്ര തിരക്കും.
“ഇത്രയും നാൾ ഈ നാട്ടിലുണ്ടായിട്ടും ഇങ്ങനെയൊരു ഐറ്റം ഞാൻ കണ്ടില്ലല്ലോ…”
പുണ്യാളൻ പറഞ്ഞു.
അങ്ങനെ അന്തംവിട്ട് നിൽക്കുമ്പോഴാണ് പരിചിതമായ ഒരു മുഖം പുണ്യാളൻ കണ്ടത്.
“അന്തോണീസേ… തനിക്ക് എന്നെ മനസ്സിലായോ?”
പരിചിതമുഖം പുണ്യാളനോട് ചോദിച്ചു.
“എവിടെയോ കണ്ടമാതിരി… ഓർമ്മ കിട്ടുന്നില്ല…”
പുണ്യാളൻ പറഞ്ഞു.
“ഞാനാടോ… ഗീവർഗീസ്… ഇപ്പോ പിടികിട്ടിയോ?”
“എന്റെ പൊന്നോ… ഗീവർഗീസേ! താനായിരുന്നോ? താൻ അങ്ങ് ഗ്ലാമറായി പോയല്ലോടാ! ആട്ടെ, താനെന്താ ഇവിടെ?”
പഴയ കൂട്ടുകാരനെ കണ്ടുമുട്ടിയ സന്തോഷത്തിൽ പുണ്യാളൻ ചോദിച്ചു.
“ഞാൻ ഇവിടെയല്ലേടോ… ഇത് എന്റെ പേരിലുള്ള പള്ളിയാ…”
ഗീവർഗീസ് പുണ്യാളൻ പറഞ്ഞു.
“എന്റെ അമ്മേ… അപ്പോൾ ഇത് പള്ളിയാണോ? ഞാനോർത്തത് വല്ല കാഴ്ചബംഗ്ലാവുമായിരിക്കുമെന്നാണ്… ഈശ്വരാ… കാലത്തിന്റെ പോക്കേ!”
പുണ്യാളൻ നെടുവീർപ്പെട്ടു.
“ഇപ്പോൾ എല്ലാ പള്ളിയും ഇങ്ങനാടോ… പക്ഷേ, എന്തോ എനിക്കൊന്നും അതിൽ ഇരിക്കാൻ തോന്നുന്നില്ല… ഈ ആഡംബരമൊന്നും നമുക്ക് ശീലമില്ലല്ലോ… ഹാ… എല്ലാം സഹിച്ചല്ലേ പറ്റൂ!”
ഗീവർഗീസ് പുണ്യാളൻ തുടർന്നു.
“ആട്ടെ, താനെങ്ങോട്ടാ?”
“ഞാൻ ഈ വിശ്വാസികളുടെ വിശ്വാസക്കുറവിന്റെ കാരണം അന്വേഷിച്ചിറങ്ങിയതാ… ഇപ്പോൾ ഏകദേശം പിടികിട്ടി. ഇമ്മാതിരി ആഡംബരവും വികസനം എന്ന പേരിൽ മനുഷ്യനെ വലയ്ക്കുന്ന ഏർപ്പാടുകളുമൊക്കെത്തന്നെയാണ് കാരണം. ഈ ഗതാഗതക്കുരുക്കിൽപ്പെട്ടാൽ ദൈവവിശ്വാസമല്ല, അവനവനിലുള്ള വിശ്വാസം വരെ നഷ്ടമാകും. എന്നാൽ ഞാൻ പോട്ടെ, ഗീവർഗീസേ… മതിയായി… തിരിച്ചുപോകുവാ… എന്നെങ്കിലും വീണ്ടും കാണാം.”
പുണ്യാളൻ സൈക്കിൾ തിരിച്ചു.
“കുറച്ചുകൂടി മുന്നോട്ടുപോയാൽ ഒരു കിടിലൻ ‘മാൾ’ ഉണ്ട്. താൻ വേണമെങ്കിൽ കണ്ടിട്ട് പൊയ്ക്കോ.”
ഗീവർഗീസ് പുണ്യാളൻ ഒരു കുശലം പറഞ്ഞു.
“അയ്യോ… വേണ്ടായേ… ഇവിടെവരെ വരാൻ അര ദിവസം പിടിച്ചു. ഇനി മുന്നോട്ടുപോയാൽ വിശ്വാസികളുടെ ഒരു ലോഡ് വിഷമങ്ങൾ കേൾക്കാൻ അവിടെ ആരും കാണില്ല… ശരി എന്നാൽ…”
ഒരു ചെറുചിരി പാസാക്കി പുണ്യാളൻ സൈക്കിൾ മുന്നോട്ടെടുത്തു.
“എന്നാ ശരി… എന്നെയും ആരൊക്കെയോ വിളിക്കുന്നുണ്ട്… ഞാനും അങ്ങോട്ടൊന്ന് ചെല്ലട്ടെ.”
ഗീവർഗീസ് പുണ്യാളനും തിരിച്ചുപോയി.
യാത്ര അവസാനിപ്പിച്ച് പുണ്യാളൻ തിരിച്ച് ചില്ലുകൂട്ടിൽ പ്രവേശിച്ചു. ഉറങ്ങിക്കിടന്ന ഉണ്ണീശോയെ മെല്ലെ എടുത്ത് എളിയിൽവെച്ച് തന്റെ യാത്ര നൽകിയ പാഠങ്ങൾ മനസ്സിലിട്ട് ഒന്നുകൂടി ഓടിച്ചുനോക്കുകയാണ് അദ്ദേഹം.
“ഹാവൂ… കൃത്യസമയത്തുതന്നെ വരാൻ പറ്റി… ആരും കണ്ടതുമില്ല…”
പുണ്യാളൻ സ്വയം ആശ്വസിച്ചു. കപ്യാർ ബാബുച്ചേട്ടൻ അപ്പോഴാണ് അങ്ങോട്ട് വന്നത്.
“ഇതാരാ പുണ്യാളന്റെ മുഖം കരിപിടിപ്പിച്ചത്? ചില്ലുകൂട്ടിൽ വെച്ചാലും പൊടിപിടിച്ച് വൃത്തികേടാകുവാണല്ലോ… ഇനി ഇത് വൃത്തിയാക്കാനും ഞാൻ തന്നെ വേണം.”
സ്വയം എന്തൊക്കെയോ പിറുപിറുത്ത് ബാബുച്ചേട്ടൻ വെള്ളവും തുണിയുമെടുക്കാൻ അകത്തേക്കുപോയി.
പക്ഷേ, അങ്ങേർക്കറിയില്ലല്ലോ പുണ്യാളന്റെ യാത്ര സമ്മാനിച്ച പൊടിപടലമാണ് മുഖത്തെ കരിപിടിപ്പിച്ചതെന്ന്. പുണ്യാളൻ ഉള്ളിൽ ചെറുതായൊന്ന് പുഞ്ചിരിച്ചു.
സമയം എട്ടു കഴിഞ്ഞു. മേക്കാട്ടെ ശോശാമ്മ ചേടത്തി ഒരു കൂട് മെഴുകുതിരിയുമായി തന്റെ ആധികൾ പുണ്യാളന്റെ സന്നിധിയിൽ അർപ്പിക്കാൻ വന്നു.
“എന്റെ പുണ്യാളാ… മൂന്ന് മണിക്ക് ഇറങ്ങിയതാ വീട്ടീന്ന്… ഈ ബ്ലോക്ക് കാരണം ഇപ്പോഴാ ഇങ്ങോട്ടെത്തിയേ… ഈ നശിച്ച ബ്ലോക്ക് എങ്ങനെയെങ്കിലും ഒന്ന് മാറ്റിത്തരണേ… അതുപോലെ ഈ മെട്രോ പണിയും പെട്ടെന്ന് തീർത്തുതരണേ… ഞാൻ എത്ര കൂട് മെഴുകുതിരി വേണമെങ്കിലും കത്തിച്ചോളാമേ…”
ശോശാമ്മ ചേടത്തി തന്റെ ആധികളുടെ ലിസ്റ്റ് തുറന്നു.
“എന്റെ പൊന്നു ചേടത്തീ… ഇത് എന്റെ അധികാരപരിധിയിൽപ്പെടുന്ന കാര്യങ്ങളല്ല. നിങ്ങൾ എനിക്ക് തലവേദനയുണ്ടാക്കുന്ന രീതിയിലുള്ള പണികളൊന്നും തരല്ലേ… നിങ്ങളായി, നിങ്ങളുടെ പാടായി… എന്നെ വിട്ടേക്ക്.”
പുണ്യാളൻ മനസ്സിൽ പറഞ്ഞു.
“അല്ല… ശോശാമ്മ ചേടത്തീ, എന്താ ഈ രാത്രിയിൽ?”
വികാരിയച്ചൻ പുറത്തേക്കു വരുന്ന വഴി ചോദിച്ചു.
“ഒന്നുമില്ല അച്ചോ… ഞാൻ എന്റെ ആധികൾ പുണ്യാളന് സമർപ്പിക്കുവായിരുന്നു.”
ഇതും പറഞ്ഞ് തന്റെ കയ്യിലുള്ള ആയിരം രൂപ ചേടത്തി നേർച്ചപ്പെട്ടിയിലേക്കിട്ടു.
ആ കാഴ്ച കണ്ട വികാരിയച്ചൻ ഒരു ചെറുചിരിയോടെ പറഞ്ഞു:
“ആ… സമർപ്പിക്കിൻ, സമർപ്പിക്കിൻ… നമ്മുടെ പുണ്യാളൻ നടത്തിത്തരാത്ത കാര്യങ്ങളുണ്ടോ?”
“അതെ, അച്ചോ… പുണ്യാളനോടല്ലാതെ ആരോടാ നമ്മൾ വിഷമങ്ങൾ പറയുന്നേ… അല്ല, അച്ചനെങ്ങോട്ടാ?”
ചേടത്തി ചോദിച്ചു.
“ഞാൻ ചുമ്മാ ഒന്ന് പുറത്തൊക്കെ പോയിവരാമെന്ന് കരുതിയിറങ്ങിയതാ…”
ഇതും പറഞ്ഞ് തന്റെ പുതിയ ബെൻസ് കാറിന്റെ താക്കോൽ ചൂണ്ടുവിരലിൽ കറക്കി അച്ചൻ പുറത്തേക്കു നടന്നു.
“പൂർത്തിയായി! അച്ചന്റെ കാറുകൂടി റോഡിലോട്ടിറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ… ഇപ്പോൾ അതിന്റെ കാര്യത്തിലും ഏകദേശം തീരുമാനമായി. ഈ ചെറിയ റോഡിൽ ഈ കാണുന്ന വണ്ടികളൊക്കെ കുത്തിക്കയറ്റിയിട്ട് കളയുന്ന സമയത്തിന്റെ പകുതി സമയം മതിയല്ലോ ഇവറ്റകൾക്കൊക്കെ നടന്നുപോയാൽ… എന്നിട്ട് എല്ലാംകൂടി എന്റെ അടുത്ത് വരും അവരുടെ ആധികളും വ്യാധികളുമായി… ഈ പാവം എന്റെ ആധികൾ ആര് കേൾക്കാൻ? കർത്താവേ, നീയേ തുണ!”
പുണ്യാളൻ ആകാശത്തേക്ക് നോക്കി തന്റെ ആധി തിരുസന്നിധിയിലേക്ക് അർപ്പിച്ചു.
ഉടൻതന്നെ കർത്താവിന്റെ മറുപടിയും വന്നു:
“നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്കു പുറത്താണ്.”
● ശുഭം
തോപ്പാ, ഒരു സുന്ദരൻ കഥ തന്നെ .👌🏾👌🏾.ഇതുവരെ ബ്ലോഗിലിട്ട കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. ഗീവർഗീസിനെ കാണുന്ന ഇൻസിഡന്റ് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. ചില്ലുകൂട്ടിൽ. കേറുമ്പോൾ പൊടി പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞതും ഏറെ ഇഷ്ടമായി.
Social issue valare humorous aayittu tanne.,mattoru perspectivil avatharippichu ✌🏾👌🏾. Keep gaoing man.
Thank you so muck Kiran for those kind words… Happy to know that you liked it.. Keep supporting and share it with your friends.. 😀
Beautifully scripted.. A very strong take on a pertinent issue that maintains real novelty throughout the story.. Keep going! God bless 🙂
Thank you aswathi… Happy to hear that u liked the stry.. Keep supporting 😉
Thoppan chetta…… adipoli <3
Bles … thnq so much da… 😉
Happy to know that u liked the story..
Enjoyed the story Thoppa 🙂 well written. poratte ithupole iniyum! 😀
Thank you Vidyaaji 😊😁
Happy to know that u liked the stry..
കൊള്ളം തോപ്പാ… എനിക്ക് ഇഷ്ടപ്പെട്ടു.
So happy to hear that Nivin bro… 😉
👌👌
Thnq Atul Paul… 😉 Keep reading 👍
thoppaaaaa…. Inn aan njaaan Ed vaayichad…. Enik othiri Ishttem aaayii.. good job man
Thanks da Achrappe… 😉 Keep reading