ജൂൺ 1, 2016 · ഏടുകളിലൂടെ

തടിവിലാപം

thadivilaapam_cover

വർഷങ്ങൾക്കു മുൻപ്…

“ജെസിമോൾ…..”

ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങിവന്ന രണ്ടു വലിയ ഉണ്ടക്കണ്ണുകളുള്ള അറ്റൻഡർ ചേച്ചി വിളിച്ചുപറഞ്ഞു. എൺപത് കഴിഞ്ഞ ഒരു അമ്മച്ചിയേയും കൊണ്ട് അമ്പത് കഴിഞ്ഞ ഒരു ചേച്ചി ഡോക്ടറുടെ റൂം ലക്ഷ്യമാക്കി പാഞ്ഞു.

“ഇതിലാരാണ് അറ്റൻഡർ ചേച്ചി പറഞ്ഞ ജെസ്സിമോൾ?”

സംശയം എന്റേത് മാത്രമായിരുന്നില്ല. എന്നോടൊപ്പം കുറച്ചുനേരത്തേക്കെങ്കിലും മനസ്സിൽ പല സ്വപ്നങ്ങളും നെയ്തെടുത്ത കുറെയേറെ ‘മാന്യ’ദേഹങ്ങളുടെയും കൂടിയായിരുന്നു അത്. എണ്ണത്തിൽ മാത്രമല്ല, ആധിയുടെ കാര്യത്തിലും രോഗികളെക്കാൾ കഷ്ടം അവരുടെ കൂടെ വന്നിരിക്കുന്നവരാണ്. അത്തരത്തിലുള്ള രണ്ടു ‘ആധി’കളുടെ നടുവിലാണ് ഞാനും ഇരുന്നത് – എന്റെ അപ്പാടേം അമ്മേടേം കൂടെ.

അകത്തേക്കുപോയ കാലുകൾ പുറത്തേക്കെത്തേണ്ട താമസം, “മാത്തൻ” എന്നൊരു വിളി വന്നു. അകത്തേക്ക് കയറിപ്പോയപ്പോഴുള്ള സന്തോഷം തിരിച്ചിറങ്ങിവന്നപ്പോൾ ജെസ്സിമോളിൽ കണ്ടില്ല. കാരണം മറ്റൊന്നുമല്ല, ഫാർമസിയിലേക്കുള്ള യാത്ര ഏതൊരു സാധാരണക്കാരന്റെയും പേടിസ്വപ്നമാണ്.

എന്റെ രോഗാവസ്ഥ ഡോക്ടറെ അറിയിക്കേണ്ട സമയമായി. അപ്പായും അമ്മയും എന്റെ ഇരുവശങ്ങളിലുമായി ഇരുപ്പുറപ്പിച്ചു.

“ഉം… എന്താണ് അസുഖം?”

വന്നിരിക്കുന്ന ‘അതിഥി’കളുടെ മുഖത്തുപോലും നോക്കാതെ പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരിക്കെ ഡോക്ടർ ആരാഞ്ഞു.

പിന്നീട് അവിടെ നടന്നത് തനിയൊരു സീരിയൽ കാഴ്ചയായിരുന്നു. അമ്മ കണ്ണീരിന്റെ ഷട്ടർ തുറന്നു. ഡോക്ടർ പരിഭ്രമിച്ചു. അപ്പാ അമ്മയെ ആശ്വസിപ്പിക്കാനെന്നവണ്ണം അമ്മയുടെ തോളിൽ തട്ടിക്കൊണ്ടിരുന്നു. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

വീട്ടുമുറ്റത്തെ ഉരുളൻകല്ലുകൾ പെറുക്കി പറമ്പിലേക്ക് എറിഞ്ഞുകളയുന്ന അസുഖം എനിക്കുണ്ടെന്ന് അമ്മയോട് അപ്പാ പറയാറുള്ളത് ഞാൻ കേട്ടിട്ടുണ്ട്. ഇനി അതുതന്നെയാണ് ശരിക്കും എന്റെ അസുഖമെങ്കിൽ എന്തിനാണ് അമ്മ ഇത്രയും കരയുന്നത് എന്നത് എന്നെ വല്ലാതെ ചിന്താക്കുഴപ്പത്തിലാക്കി.

“കരയാതെ കാര്യം പറയൂ… എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം.”

ഡോക്ടറും അമ്മയ്ക്ക് ധൈര്യം കൊടുത്തു.

അമ്മയുടെ വായിൽനിന്ന് എന്റെ അസുഖം എന്താണെന്നറിയാൻ ഞാനും കാത്തിരുന്നു. കരച്ചിലിനിടയിൽ തപ്പിപ്പിടിച്ച് അമ്മ സംസാരിക്കാൻ തുടങ്ങി.

“ഡോക്ടറെ… അതിരാവിലെ എഴുന്നേറ്റ് അച്ചായനും പിള്ളേർക്കുമുള്ള ചോറും കറിയും ഉണ്ടാക്കിവെക്കും. ഞങ്ങൾ താമസിക്കുന്നത് തറവാട്ടിലായതുകൊണ്ട് അരക്കലം ചോറ് കൂട്ടിയാണ് ഉണ്ടാക്കുന്നത്. അച്ചായന് ഓഫീസിൽ കൊണ്ടുപോകേണ്ടതും പിള്ളേർക്ക് സ്കൂളിൽ കൊണ്ടുപോകേണ്ടതുമായ ചോറും പൊതികെട്ടിക്കൊടുത്തുവിടും. വൈകിട്ട് പിള്ളേർ വിശന്നുവരുമ്പോൾ കഴിക്കാനായി ചോറുങ്കലത്തിൽ ചോറ് മാറ്റിവെക്കും…”

അമ്മ വീണ്ടും വിതുമ്പാൻ തുടങ്ങി.

“ആ… കരയാതെ ബാക്കി പറയൂ… ചോറ് കഴിക്കാൻ പറ്റാത്തതാണോ നിങ്ങളുടെ പ്രശ്നം?”

ഡോക്ടർ സൗമ്യമായി ചോദിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ വീണ്ടും തുടർന്നു:

“അതെ, ഡോക്ടറെ… ചോറ് കഴിക്കാൻ പറ്റുന്നില്ല… ദേ, ഇവന് മൂന്ന് വയസ്സ് തികഞ്ഞപ്പോ തുടങ്ങിയ പ്രശ്നമാ… ചോറ് എന്ന് പറഞ്ഞാൽ ഇവന് ജീവനാ… നേരത്തെ പറഞ്ഞ അരക്കലം ചോറില്ലേ… അതൊക്കെ ഒറ്റയിരിപ്പിനിവൻ തിന്നുതീർക്കും. ഇവൻ ഇങ്ങനെ തിന്നുന്നതുകൊണ്ട് വീട്ടിലാർക്കും ഒന്നും കിട്ടില്ല…”

ഇതും പറഞ്ഞ് അമ്മ വീണ്ടും കണ്ണീർസീരിയൽ തുടർന്നു.

“ഓഹോ… പുരാണം മുഴുവൻ പറഞ്ഞുതുടങ്ങിയത് ഒടുവിൽ എനിക്കിട്ടു പണിയാനായിരുന്നല്ലേ?”

ഞാൻ ആത്മഗതം പറഞ്ഞു.

“അപ്പോൾ ഇവന്റെ തീറ്റയാണ് പ്രശ്നം… അല്ലേ?”

‘ഞാനിപ്പോൾ ശരിയാക്കിത്തരാം’ എന്ന മട്ടിൽ ഡോക്ടർ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

“തീറ്റയല്ല, ഡോക്ടറെ… ഇത്രയൊക്കെ കഴിച്ചിട്ടും ഇവനൊന്നു വണ്ണം വയ്ക്കുന്നില്ലല്ലോ… ദേ, കണ്ടില്ലേ, മെലിഞ്ഞുണങ്ങി… ഇവന്റെ അപ്പന്റെ വണ്ണം നോക്കിക്കേ… അതിന്റെ ഏഴയലത്തുപോലും പോയിട്ടുണ്ടോ ഇവന്റെ ശരീരപ്രകൃതി? എനിക്ക് പേടിയാ, ഡോക്ടറെ… ഇവന് കൊക്കപ്പുഴുവിന്റെ അസുഖമെന്തെങ്കിലും കാണുമോ?”

അമ്മയുടെ ഒടുക്കത്തെ സംശയത്തിന് മറുപടിയെന്ത് പറയണമെന്നറിയാതെ മിഴിച്ചിരിക്കുകയാണ് ഡോക്ടർ. പക്ഷേ, താനൊരു ഡോക്ടറല്ലേ! എന്തെങ്കിലും പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഭാവിയിൽ തന്റെ ‘ബിസിനസ്’ തകരാറിലാകുമോയെന്ന പേടിയുള്ളതുകൊണ്ടാകണം കണ്ണുകൾ മെല്ലെ ഒന്നടച്ചുതുറന്നശേഷം പുള്ളി തുടർന്നു:

“ഹേയ്… ഇതങ്ങനെ പേടിക്കാനുള്ള ഒന്നുമില്ല… ഒരു പത്തുപതിനഞ്ച് വയസ്സാകുമ്പോൾ എല്ലാം ശരിയാകും.”

തുടർന്ന് തന്റെ കറുത്ത പേനയെടുത്ത് മേശയിലിരിക്കുന്ന ആ സുന്ദരമായ വെള്ളപ്പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഞാൻ കുടിച്ചിറക്കേണ്ടതും വിഴുങ്ങേണ്ടതുമായ മരുന്നുകളുടെ ലിസ്റ്റാണല്ലോ ഡോക്ടർ എഴുതുന്നത് എന്നോർത്തപ്പോൾ ഒരു നിമിഷം ഞാൻ സർവദൈവങ്ങളെയും വിളിച്ചു. അപ്പോഴും അപ്പാ ഷർട്ടിന്റെ പോക്കറ്റിലേക്ക് മെല്ലെ ഊതിനോക്കുന്നുണ്ടായിരുന്നു.

ആരുടെ വിളിയാകും ദൈവം ആദ്യം കേൾക്കുക?


വർഷങ്ങൾക്കുശേഷം…

“തിന്നുക, തൂറുക, ഉറങ്ങുക… എന്റെ മോനായതുകൊണ്ട് പറയുവല്ല… ഈ വക കാര്യങ്ങളിൽ അവൻ ബെസ്റ്റാ… ദേ, ഇപ്പോത്തന്നെ കണ്ടില്ലേ… നമ്മളിവിടെയിരുന്ന് ചക്ക വെട്ടുന്നത് കണ്ടിട്ടുപോലും വന്നൊന്ന് സഹായിക്കാൻ അവനു പറ്റില്ല… നാലുനേരവും വെട്ടിവിഴുങ്ങാൻ ഒരു മടിയുമില്ല… തിന്നുതിന്ന് ചക്കപോലെയായി അവന്റെ വയറ്… ഇങ്ങനെ പോയാൽ നമ്മളൊക്കെ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഇവന്റെയൊക്കെ അടക്കു കൂടേണ്ടിവരും… നിനക്ക് വല്ലപ്പോഴും അവനെയൊന്ന് ഉപദേശിച്ചൂടേടാ?”

കഴിഞ്ഞ കുറച്ചുനാളുകളായി എല്ലാ വെളുപ്പിനും കേൾക്കുന്ന അപ്പാടെ പതിവ് ഡയലോഗാണിത്.

പറയുന്നതാകട്ടെ മെലിഞ്ഞ് സിക്സ് പാക്കുള്ള എന്റെ കസിനോടും. കാര്യം ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണെങ്കിലും വണ്ണത്തിന്റെ കാര്യത്തിൽ ഞങ്ങൾ അലുവയും മത്തിക്കറിയുമായിരുന്നു… ഒരു ചേർച്ചയുമില്ലായിരുന്നുവെന്നു സാരം.

എന്റെ വണ്ണമാണ് ഇവിടെ ചർച്ചാവിഷയം.

അപ്പായ്ക്കും അമ്മയ്ക്കും ബാക്കി വീട്ടുകാർക്കുമൊക്കെ ഞാൻ വെറുമൊരു ‘മാംസപിണ്ഡ’മാണെങ്കിലും എനിക്ക് ജീവനായി ഒരാളുണ്ട് – ഗ്രേസി.

കോളേജ് പഠനകാലത്ത് തുടങ്ങിയ ബന്ധമാണ്. ഏറ്റവും വലിയ കോമഡി എന്താണെന്നുവെച്ചാൽ, എന്റെ വയറു കണ്ടാണ് അവൾ എന്നെ പ്രൊപ്പോസ് പോലും ചെയ്തത്. അവളുടെ അപ്പന്റെ വയറിനോട് നല്ല സാമ്യമുണ്ടത്രേ എന്റെ വയറിനും. അതാണവളെ എന്നിലേക്കടുപ്പിച്ച പ്രധാന ‘ആകർഷണ’ഘടകം.

ലോകം മുഴുവൻ എന്നെ കളിയാക്കിക്കോട്ടേ… പക്ഷേ, ഗ്രേസി… അവൾ എന്റെ പക്ഷത്തുണ്ടല്ലോ എന്നത് മാത്രമാണെന്റെ സമാധാനം.

ഇന്ന് അവളെ കാണാൻ പോവുകയാണ്… നീണ്ട മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം. അതിനായി ഒരുങ്ങുന്നതിനിടയിലാണ് അപ്പന്റെ കഥാപ്രസംഗം.

“ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം…”

എല്ലാവരും കേൾക്കാൻ ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അപ്പാടെ വക അതിനൊരു നല്ല മറുപടി ഉണ്ടായിട്ടുണ്ടാവണം.

പുറത്തെത്തേണ്ട താമസം, “മാത്തൻകുട്ടാ…” എന്ന വിളി കേട്ടു.

ത്രേസ്യാമ്മ ആന്റിയാണ്. അപ്പന്റെ പെങ്ങൾ. ഞങ്ങളുടെ വീടിന് തൊട്ടുതാഴെയാണ് താമസം.

“എന്തോ ആന്റ്യേ? എന്നായൊണ്ട് വിശേഷം?”

ഞാൻ ആന്റിയെ വിഷമിപ്പിച്ചില്ല.

“ഓ… നമുക്കെന്നാ വിശേഷമാടാ… നിനക്കല്ലേ വിശേഷം… ജോലിയൊക്കെ എങ്ങനെ പോകുന്നു?”

“ആന്റി വിടുന്ന മട്ടില്ലല്ലോ… അവളവിടെ വെയിറ്റ് ചെയ്യുവാ… സമയവും പോയി…”

ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ, പുറത്തുവന്നത് ഇതാണ്:

“ആ… ജോലിയൊക്കെ നന്നായി പോകുന്നുണ്ട്, ആന്റി… ഞാൻ ഒന്ന് ടൗൺ വരെ പോകുവാ… വന്നിട്ട് വിശദമായി പറയാം… ശരി എന്നാൽ…”

ചുളുവിൽ ഒരു ഗുഡ്‌ബൈ പറഞ്ഞ് ഞാൻ തടിതപ്പാൻ തുടങ്ങിയപ്പോൾ ആന്റി പിന്നിൽനിന്ന് വിളിച്ചു.

“അതെന്നാ പോക്കാടാ? നീയിങ്ങു വന്നേ… ആന്റി തിന്നാൻ വല്ലോം എടുത്തുതരാം… നിന്നെ ഇപ്പോഴല്ലേടാ കാണാൻ കിട്ടൂ… വാടാ…”

“അയ്യോ, ആന്റി… ഒന്നും വേണ്ടാ… ഞാൻ പോയിട്ട് വരാം…”

ഞാൻ ധൃതി കൂട്ടി.

“അത് പറഞ്ഞാൽ പറ്റുകേലാ… നീ വന്നേ… നല്ല കപ്പയും ഇറച്ചിക്കറിയുമുണ്ട്… നാടനാ…”

“വേണ്ടാന്റി… ഞാൻ ചിക്കൻ കഴിപ്പ് കുറച്ചു… ഇപ്പോൾ ഡയറ്റിങ്ങിലാ…”

പറഞ്ഞുതീർന്നതും പുറകിൽനിന്നൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. പെങ്ങളാണ്. അവൾക്ക് ചിരി പൊട്ടിയ ശബ്ദമാണത്.

“എന്നാടീ?”

ഞാൻ അവളെ നോക്കി കലിപ്പിച്ചു. അവൾക്ക് കൂടുതൽ ചിരി വരികയാണ് ചെയ്തത്.

ഈ സമയമത്രയും ആന്റിയും മതിമറന്ന് ചിരിക്കുകയാണ്.

“ഡയറ്റിങ്ങോ… നീയോ? അച്ചായാ… ദേ, ഇത് കേട്ടോ… നമ്മുടെ മാത്തൻകുട്ടൻ ഡയറ്റിങ്ങാണെന്ന്! ഹഹഹ…”

പറമ്പിൽ കിളച്ചുകൊണ്ടിരുന്ന അങ്കിളും തലയുയർത്തി ചിരിച്ചുകൊണ്ടിരുന്നു.

“നീ ഒന്ന് ഡയറ്റ് ചെയ്തിട്ട് മരിച്ചാൽ മതിയായിരുന്നു ഞങ്ങൾക്ക്… ഹഹഹ!”

കൂട്ടച്ചിരികൾക്കിടയിൽ സ്വയം മുഖം താഴ്ത്തിനിൽക്കുകയാണ് ഞാൻ. എത്രയും വേഗം അവിടുന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ മനസ്സിലുദിച്ചുള്ളൂ.

അപ്പോഴാണ് ആത്മമിത്രം കുട്ടാപ്പി എന്നെ കാണാൻ വീട്ടിലേക്ക് വരുന്നത്. വണ്ടി നിർത്താതെ തിരിച്ചോളാൻ ഞാൻ അവന് ആംഗ്യം കാണിച്ചു. അവനെന്തെങ്കിലും മനസ്സിലാകുന്നതിനുമുമ്പേ ഞാൻ ഓടി അവന്റെ വണ്ടിയിൽ ചാടിക്കയറി.

“അളിയാ… എന്നാടാ സീൻ?”

വണ്ടി തിരിച്ച് മുന്നോട്ടെടുത്ത് കുട്ടാപ്പി ചോദിച്ചു.

“ഒന്നൂല്ലെടാ… ഞാൻ ഡയറ്റിങ്ങിലാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ചുമ്മാ ചിരിച്ച് നമ്മളെ കളിയാക്കുവാ… ബ്ലഡി ഫൂൾസ്!”

“ഹിഹി… അതിനവരെ കുറ്റം പറഞ്ഞിട്ടൊരു കാര്യോമില്ലെടാ… നീ വെറുതെ ആവശ്യമില്ലാത്തതൊന്നും എടുത്ത് ശരീരം ചീത്തയാക്കല്ലേ… ഹിഹി…”

“നീ പോടാ പോത്തേ… ഈ കുടവയറൊന്ന് കുറച്ചിട്ട് വേണം ഇവരുടെ മുമ്പിൽ ആളാകാൻ.”

കുട്ടാപ്പിയുടെ തോളിൽനിന്ന് കൈയെടുത്ത് ഞാൻ പറഞ്ഞു.

“നീ സീരിയസായിട്ടാണോ പറയുന്നേ? ആട്ടെ… നീ എത്ര നാളായി ഡയറ്റിങ് തുടങ്ങിയിട്ട്?”

കുട്ടാപ്പി ചോദിച്ചു.

“ഇന്നേക്ക് രണ്ട് ദിവസം…”

“ഹഹഹഹഹ… ശരിയാ… ഏകദേശം ഒരു അഞ്ച് കിലോ വരെ കുറഞ്ഞിട്ടുണ്ട് നീ… ഹിഹിഹി…”

കുട്ടാപ്പി കളിയാക്കി ചിരിച്ചു.

“നീ കൂടുതൽ ഇളിക്കാതെ വണ്ടി പാർക്കിലേക്ക് വിട്… അവളവിടെ വെയിറ്റ് ചെയ്യുവാ… കൂടെ രണ്ടെണ്ണം ഉണ്ടെന്നാ കേട്ടേ… പുല്ല്!”

“ഹേയ്… രണ്ടെണ്ണമോ? എപ്പോ വിട്ടൂന്ന് ചോദിച്ചാൽ പോരേ?”

കുട്ടാപ്പി വണ്ടി കത്തിച്ചുവിട്ടു.


“മാത്തൻ… ഇത് നീതു… ഇത് പ്രിയ.”

ഗ്രേസി അവളോടൊപ്പം വന്ന രണ്ടു അവതാരങ്ങളെ എനിക്ക് പരിചയപ്പെടുത്തി.

“ഹായ്… ഇവൾ ഒരുപാട് പറഞ്ഞിട്ടുണ്ട് മാത്തനെപ്പറ്റി.”

നീതു പറഞ്ഞു.

“എനിക്ക് പിന്നെ ഇയാളെ അറിയാലോ… അന്ന് ഗ്രേസിക്ക് കൊടുത്ത ഉമ്മ കിട്ടിയത് എനിക്കാ…”

ഒരു കള്ളച്ചിരിയോടെ പ്രിയ പറഞ്ഞു.

“അല്ല… അത്… ഞാൻ…”

ഇത്തരം സന്ദർഭങ്ങളിൽ എനിക്ക് വാക്കുകൾ കുഴഞ്ഞുമറിയുന്ന ഒരുതരം അസുഖം അനുഭവപ്പെടാറുണ്ട്. നീതുവിനോടും പ്രിയയോടും സംസാരിക്കുമ്പോൾ എനിക്കനുഭവപ്പെട്ട ശ്വാസതടസ്സമാണ് വില്ലൻ.

കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ അടുത്തെത്തുമ്പോൾ കുടവയറുള്ള ആണുങ്ങൾക്കുള്ള അസുഖമാണത് – വയറുചുക്കൽ!

എന്റെ വയർ ഞാൻ അകത്തേക്ക് ചുക്കിപ്പിടിച്ചത് ഗ്രേസി കണ്ടിട്ടാകണം, അവൾ ഇടയ്ക്കിടയ്ക്ക് എന്റെ വയറിലേക്ക് നോക്കുന്നുണ്ടായിരുന്നു.

“എന്താ?”

ഞാൻ കണ്ണുകൊണ്ട് അവളോട് ആംഗ്യം കാണിച്ചു.

“മനസ്സിലായി” എന്ന മട്ടിൽ തിരിച്ചവളും എന്നെ നോക്കി ആംഗ്യം കാണിച്ചു.

ഒരു കള്ളച്ചിരി ഞാൻ പാസാക്കി.

“മാത്തൻ… ഒന്നു വന്നേ… ടീ, ഇപ്പോ വരാട്ടോ.”

ഗ്രേസി അവരുടെ ഇടയിൽനിന്ന് എന്നെ കുറച്ചപ്പുറത്തേക്ക് മാറ്റി വിളിച്ചുകൊണ്ടുപോയി.

“എന്താടീ?”

ഞാൻ ചോദിച്ചു.

“ഇതെങ്ങോട്ടാ ഈ പോക്ക്? ഹേ?”

ഗ്രേസി അൽപ്പം കലിപ്പിച്ചാണത് ചോദിച്ചത്.

“എന്ത്?”

ഞാൻ അന്തംവിട്ടു.

“ഈ വയറ്!”

അവൾ എന്റെ വയറിലേക്ക് തറപ്പിച്ചുനോക്കി പറഞ്ഞു.

“വയറിനെന്നാ കുഴപ്പം?”

എന്തു പറയണമെന്നറിയാതെ കണ്ണും മിഴിച്ചുനിൽക്കുകയാണ് ഞാൻ.

“ഇതൽപ്പം കൂടുതലാ… ഇങ്ങനെയാണേൽ എനിക്കൊന്നും പറ്റൂല്ലാ…”

ഗ്രേസി കട്ടക്കലിപ്പിൽ എന്നോട് പറഞ്ഞു.

ദൈവമേ… എന്റെ ഗ്രേസിയുടെ വായിൽനിന്നുമാണോ ഞാനീ കേൾക്കുന്നത്? എന്റെ വയറുകണ്ട് ആകൃഷ്ടയായ ഇവൾ തന്നെയാണോ ഇപ്പോൾ എന്റെ വയറിനെ കുറ്റം പറയുന്നത്?

“അതെന്നാ… പെട്ടെന്നിങ്ങനെ? ഇങ്ങനെയൊന്നുമല്ലല്ലോ നീ പറഞ്ഞോണ്ടിരുന്നേ…”

ഞാൻ എന്റെ സംശയം അവളോട് ആരാഞ്ഞു.

“അതൊന്നും എനിക്കറിയില്ല… എന്റെ കൂട്ടുകാരുടെ ലൈനുകളൊക്കെ നല്ല മെലിഞ്ഞിട്ടാ ഇരിക്കുന്നേ… അപ്പോൾ എനിക്കും ആഗ്രഹം കാണില്ലേ?”

അവൾ എന്റെ സംശയം തീർത്തുതന്നു.

“ഓഹോ… അപ്പോൾ ഞാൻ എന്തു ചെയ്യണം?”

വീണ്ടും അടുത്ത സംശയം ഉദിച്ചു.

“മാത്തൻ തീറ്റ കുറയ്ക്കണം… അപ്പോൾത്തന്നെ പകുതി ശരിയാകും.”

ഗ്രേസി ഉപദേശിച്ചു.

“ഞാൻ രണ്ട് ദിവസമായിട്ട് ഡയറ്റിങ്ങിലാടീ…”

ഞാൻ അവൾക്കൊരു മുഴം മുൻപേ ചാടി.

പറഞ്ഞുതീർന്നതും അവൾ ചെറുതായൊന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു:

“അത് കണ്ടാലും പറയും… വാ, അവർ അവിടെ വെയിറ്റ് ചെയ്യുവാ…”

ഗ്രേസി കൂട്ടുകാരുടെ അടുത്തേക്ക് പോയി.

ലോകം മുഴുവൻ എന്നെ കളിയാക്കിയാലും ഇവൾ കൂടെയുണ്ടെന്ന് ഞാൻ കരുതി… ആ അവളാണ് ഇപ്പോൾ ഇത്രയും ഡയലോഗടിച്ചിട്ട് പോയത്… കഷ്ടം!

ഞാനും അവരുടെ അടുത്തേക്ക് നടന്നു.

“മാത്തൻ… ഇവിടുത്തെ നല്ല ഹോട്ടൽ എവിടാ? ഇവർക്ക് വിശക്കുന്നൂന്ന്…”

ഗ്രേസി ചോദിച്ചു.

“അതിവിടെ അടുത്താ… വാ, നടക്കാം…”

അങ്ങനെ നടന്നുനടന്ന് ഞങ്ങൾ ഹോട്ടലിലെത്തി. മാസങ്ങൾക്കുശേഷം എന്നെ കണ്ടതിന്റെ സന്തോഷത്തിൽ ഗ്രേസി എല്ലാവർക്കും നല്ല രീതിയിൽ ചെലവ് നടത്തി.

ചിക്കൻ ബിരിയാണിയിലെ ‘ചത്ത’ കോഴിയെ തന്റെ കൂർത്ത് നഖംകൊണ്ട് കൊല്ലാക്കൊല ചെയ്യുന്നതിനിടയിൽ പ്രിയ തലപൊക്കി വെറുമൊരു ലൈം ജ്യൂസ് കുടിച്ചുകൊണ്ടിരുന്ന എന്നോട് ചോദിച്ചു:

“അല്ല… മാത്തൻ ഒന്നും കഴിക്കുന്നില്ലേ?”

“ഹേയ്… മാത്തൻ ഇതൊന്നും കഴിക്കില്ലന്നേ… പുള്ളി ഇപ്പോ ഭയങ്കര ഡയറ്റിങ്ങിലാ… അല്ലേ, മാത്താ?”

എനിക്കെന്തെങ്കിലും പറയാനാകുന്നതിനുമുമ്പേ ഗ്രേസി ഇടയ്ക്കുകയറി പറഞ്ഞു.

മുന്നിൽ വിളമ്പിവെച്ചിരിക്കുന്ന ഐറ്റംസ് എന്റെ നാക്കിന്റെ ‘വാട്ടർ പൈപ്പ്’ പൊട്ടിച്ച കാര്യം അവിടെയുള്ള ആരും അറിഞ്ഞില്ലാന്നു തോന്നുന്നു.


“ഇതാണ്, ഡോക്ടറെ, എന്റെ പ്രശ്നം…”

ഞാൻ കഥ പറഞ്ഞുനിർത്തി.

തന്റെ കണ്ണട ഊരിയെടുത്ത് മേശവിരിയിൽ ഒന്ന് തുടച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു:

“അപ്പോൾ ഈ തടിയാണ് നിന്റെ പ്രശ്നം… അല്ലേ?”

“അതെ, ഡോക്ടർ… ഈ തടിയാണ് എന്റെ പ്രശ്നം. ഇതുകാരണം വീട്ടിലും നാട്ടിലും എല്ലാവരുടെയും കളിയാക്കലും കുത്തിനോവിക്കലും… സഹിക്കാൻ പറ്റുന്നില്ല, ഡോക്ടറെ… അന്ന് മെലിഞ്ഞുണങ്ങിയിരുന്ന എന്നെ വണ്ണം വെപ്പിക്കാൻ ഡോക്ടർ തന്ന മരുന്നിന്റെ മറുമരുന്നുകൊണ്ടെന്തെങ്കിലും ചെയ്യാൻ പറ്റുവോ?”

ഞാൻ എന്റെ ദയനീയാവസ്ഥ ഡോക്ടറെ ധരിപ്പിച്ചു… കൂട്ടത്തിൽ മറുമരുന്ന് എന്ന ആശയവും.

“അങ്ങനെ മറുമരുന്നൊന്നുമില്ല, മോനേ… പിന്നെ ആകെ ചെയ്യാവുന്നത് നീ ഇപ്പോൾ ചെയ്യുന്നതുപോലെ ഡയറ്റിങ്ങും എക്സർസൈസുമൊക്കെ ചെയ്യുന്നതാ… അല്ലാണ്ടിപ്പോ…”

ഡോക്ടർ പതിയെ പത്തി താഴ്ത്തി.

“ഹും… എന്തോന്ന് ഡയറ്റിങ്ങും എക്സർസൈസും? അതൊക്കെ വെറും പ്രഹസനമല്ലേ… ഞങ്ങളെപ്പോലുള്ള തടിയന്മാർ ഇതൊക്കെ എത്ര ആത്മാർഥമായി ചെയ്താലും കൂടെയുള്ളവർ തന്നെ അതൊരു കളിയാക്കലിൽ തീർക്കും. അതിപ്പോ കൂട്ടുകാരായാലും വീട്ടുകാരായാലും സ്നേഹിക്കുന്ന പെണ്ണാണെങ്കിലും ശരി… ഈ തടി, അത് ഞങ്ങളുടെ മാത്രം ഒരു വിലാപമാ…”

ഞാൻ എന്നോടുതന്നെ പറഞ്ഞു. ഡോക്ടർക്ക് ഒരു നന്ദിയും നൂറു രൂപയും സമ്മാനിച്ച് പുറത്തേക്കിറങ്ങി.

മുന്നിൽ കാണുന്ന കാഴ്ചകളെല്ലാം സ്ലോ മോഷനിലാണ് എനിക്ക് അനുഭവപ്പെടുന്നത്. എല്ലാവരുടെയും കൂട്ടത്തിൽ ഞാൻ മാത്രം ഒറ്റയ്ക്കായതുപോലെ… ഒന്നൊഴിച്ച്…

ഊണിലും ഉറക്കത്തിലും എന്നും എപ്പോഴും എന്റെ ശരീരത്തിലെ ഒരവയവമായി, എന്റെ ചുവടുകൾക്കനുസരിച്ച് കൂടെച്ചാടുന്ന എന്റെ സ്വന്തം വയർ!

ഒരു നേർത്ത ചിരി പാസാക്കി എന്റെ വയറിനെ സ്വയം തലോടി ഞാൻ വീട്ടിലേക്ക് നടന്നു.

അപ്പോഴും ‘കൊക്കപ്പുഴു’ അസുഖം ആരോപിക്കപ്പെട്ട കുട്ടികളുമായി മാതാപിതാക്കളുടെ ഒരു നീണ്ട ക്യൂ ഡോക്ടറുടെ മുറിയുടെ പുറത്തുണ്ടായിരുന്നു…

തടിവിലാപങ്ങൾ അവസാനിക്കുന്നില്ല… അത് കാലം തെളിയിക്കും.

● ശുഭം

19 പ്രതികരണങ്ങള്‍ “തടിവിലാപം”

മറുപടി രേഖപ്പെടുത്തുക